ബിരിയാണി

 ഓരോ ദിവത്തേയും പ്രഭാതം വ്യത്യാസം ഉള്ളതായിരുന്നു.വ്യത്യാസമുള്ള പൂക്കൾ,കിളികളുടെ ശബ്ദം പക്ഷേ എന്നത്തേയും പോലെ ഇന്നും എൻ്റെ വീട്ടിൽ കഞ്ഞി തന്നെ .

ഒരു പറ വെള്ളത്തിൽ പിടി അനക്ക് ഞാൻ തരൂല എന്ന് പറഞ്ഞ് മത്സരിച്ച് ഓടി കളിക്കുന്ന അഞ്ചാറു വറ്റുകൾ .എന്നാ അതോട്ട് കാണട്ടെ എന്നു ഞാനും.

അപ്പോഴാണ് ഞാൻ ശ്രദ്ധിച്ചത് .

 "ഉമ്മാ ഇന്ന് അപ്പോറത്തെ വീട്ടിൽ എന്താ വിശേഷം."

ഞാൻ ചോദിച്ചു.പ്രത്യേകിച്ച് ഒന്നും ഇല്ല എന്ന് പറയാൻ ഉമ്മാ അധികനേരം എടുത്തില്ല..

"എന്ത് നീ അങ്ങനെ ചോയിക്കൻ".

"അല്ലുമ്മാ നല്ല ബിരിയനിടെ മണം"

നിമിഷ നേരം കൊണ്ട് ഉമ്മയിലെ ആത്മാഭിമാനം ഉയർന്നു.

"തന്നതും മൊന്തിയിട്ട് എണീറ്റ് പോടാ ചെക്കാ.വല്ലോൻ്റെ അടുക്കളയിലേക്ക് മൂക്കും തുറന്ന് ഇരിക്കാതെ."

സത്യം പറയാമല്ലോ ഞാൻ ഇതുവരെ ബിരിയാണി കണ്ടിട്ടില്ല.മണം കേട്ടിട്ടുണ്ട് .അതുകൊണ്ടാവാം ബിരിയാണി എന്ന് കേൾക്കുമ്പോൾ ചെമ്പ് പാത്രം മാത്രം ഓർമ്മ വരുന്നുള്ളു.

ബിരിയാണിയുടെ സുഗന്ധ ലോകത്ത് ഞാൻ നിൽക്കുമ്പോഴും ഉമ്മയുടെ വായ വിശ്രമത്തിൽ എത്തിയില്ല.

  "ദോ വരുന്നു നിൻ്റെ വാപ്പ. അങ്ങേരോട് പറ എന്നിട്ട് കിട്ടുന്നതൊക്കെ മെടിച്ചോ."

വാപ്പ മിക്കപ്പോഴും ദേഷ്യത്തിൽ തന്നെ.ചിലപ്പോ എന്താ ഇങ്ങനെ എന്ന് ഞാൻ ചോദിച്ചാൽ ,രഹസ്യമായി കാതിൽ പറയും വിശപ്പ് മറ്റുള്ളവർ അറിയാതിരിക്കാൻ വേണ്ടിയാണെന്ന്.

"എന്തൊന്നടി നേരം വെളുക്കുന്നതിന് മുൻപ് അലപ്പ്"

"നിങ്ങടെ മോനെ ഇപ്പം ബിരിയാണി വേണം എന്ന്"

"ഇല്ല വാപ്പ.അങ്ങനെ അല്ല.അപ്പൊരത്തെ വീട്ടിൽ നിന്നും മണം വന്നപ്പോ..."

വാപ്പ എന്നെ എടുത്ത് മടിയിൽ ഇരുത്തി . ഉമ്മ പോലും അറിയാതെ ഉമ്മയുടെ വിരൽ മൂക്കിൻ്റെ തുമ്പത്ത് കയറി.

മോനെ നമക്ക് ബിധിച്ച ബിരിയാണി ആണ് ഇത് എന്ന് പറഞ്ഞ് എന്നോട് മത്സരിച്ച വറ്റുകൾ വരി വായിൽ വച്ചു തന്നു.വാപ്പ തന്ന ആ വറ്റിന് ബിരിയാണിയുടെ മണത്തേക്കൾ രുചി ഉണ്ടായിരുന്നു.

ഉമ്മാ ഞാൻ കളിക്കാൻ പൊണ്.

"ഓ..നേരം വൈകാതെ വന്നോണം."

വരാം.

കളിസ്ഥലത്ത് വച്ച് അപ്പോരത്തെ വീട്ടിലെ ചെക്കൻ പറഞ്ഞു"ഇന്ന് ഞങ്ങടെ വീട്ടിൽ ബിരിയാണി ആയിരുന്നു.നീ ഇന്ന് എന്തുവാ കഴിച്ചേ?".

ഞാനും ബിരിയാണിയാ കഴിച്ചേ.

"അതിന് എൻ്റുമ്മ അവിടെ ബിരിയാണി കൊണ്ടുവന്നോ?".

"ഇല്ല . നിൻ്റുമ്മ കൊണ്ട് വന്ന ബിരിയാണി അല്ല.എൻ്റെ വാപ്പ വാരി തന്ന ബിരിയാണി."


ബിരിയാണി.

Comments

Popular posts from this blog

അദൃശ്യ സുന്ദരി